ലാഭം പങ്കിടാമെന്ന വ്യവസ്ഥയിലാണ് ഹോട്ടല്‍ നടത്തിപ്പിനായി അനൂപ് മുഹമ്മദിന് പണം കൈമാറിയതെന്നും തന്റെ കടലാസ് കമ്പനികളെന്ന് ആരോപിക്കുന്ന സ്ഥാപനങ്ങള്‍ക്കു ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ലെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു.പലിശയോ ഈടോ ഇല്ലാതെ ലഹരിക്കേസ് പ്രതി അനൂപിനു പണം കൊടുത്തത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വാദത്തിനു മറുപടി നല്‍കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ ഇരുപക്ഷത്തിന്റെയും വാദം പൂര്‍ത്തിയായി. അടുത്ത വെള്ളിയാഴ്ചയ്ക്കു മുന്‍പ് വാദസംഗ്രഹം സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് വിധി പറയുമെന്നും ജസ്റ്റിസ് എം.ജി.ഉമ അറിയിച്ചു. തന്റെ വ്യാപാര പങ്കാളിയും ഡ്രൈവറും ചോദ്യംചെയ്യലിനു ഹാജരായില്ലെന്നു പറയുന്ന ഇഡി, അവരെ നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ എന്താണു ചെയ്തതെന്നു ബിനീഷ് ചോദിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29ന് അറസ്റ്റിലായ തനിക്കെങ്ങനെ ഇവര്‍ ഹാജരാകുന്നതില്‍ നിന്നു തടയാനാകും? ലഹരിക്കേസിലെ മുഖ്യകണ്ണിയാണു താനെന്ന് ആദ്യം ആരോപിച്ച ഇഡി പിന്നീട് മലക്കം മറിഞ്ഞു. ലഹരിബന്ധം ആരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല. കുറ്റപത്രം സമര്‍പ്പിച്ചിട്ടും ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിന്റെ കാരണം കോടതിയെ ബോധിപ്പിക്കാന്‍ ഇഡിക്കു കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരിക്കു ലഹരിയിടപാടില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അതു കുറ്റകരം തന്നെയാണെന്ന് ആയിരുന്നു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചത്. വ്യപാരപങ്കാളി അനൂപ് മുഹമ്മദ് പ്രതിയായ ലഹരിക്കേസില്‍ തന്നെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് ലഹരി ബന്ധം ആരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നുമുള്ള ബിനീഷിന്റെ വാദത്തെയാണ് ഇഡി അന്ന് എതിര്‍ത്തത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കോടിക്കണക്കിനു രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലൂടെ ഒഴുകിയതെന്നും ഇഡി ആരോപിച്ചിരുന്നു. അനൂപിന് ഹോട്ടല്‍ തുടങ്ങാനായി 61 ലക്ഷം രൂപയാണു നല്‍കിയതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) ത്തില്‍ ഒരകോടി രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ക്കു ജാമ്യം നിഷേധിക്കാനാകില്ലെന്നും നേരത്തേ ബിനീഷ് വാദിച്ചിരുന്നു.നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ബിസി) റജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുമായി ബന്ധമില്ലെങ്കിലും പിഎംഎല്‍എ കേസ് നിലനില്‍ക്കും. അറസ്റ്റ് ചോദ്യം ചെയ്തുള്ള ബിനീഷിന്റെ ഹര്‍ജി പരിശോധിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതാണ്. ലഹരിക്കേസ് പ്രതികളുടെ മൊഴി, ബിനീഷിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കമുള്ള തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു കുറ്റപത്രം എന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ്, 10 മാസത്തിലേറെയായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലാണ്.
#BineeshKodiyeri #CopStories #KeralaKaumudinews
0 Comments